
പി വി എ നാസർ
ദോഹ: അറബ് പൈതൃകത്തിന്റെ ഈറ്റില്ലമായ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴങ്ങളുടെ മധുരസാന്നിധ്യം പകർന്നുനൽകിയ മൂന്നാമത് ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ സമാപിച്ചു.അൽഫോൻസ, കേസർ, നീലം, മൽഗോവ, ബദാമി തുടങ്ങിയ
അമ്പതിലധികം ഇന്ത്യൻ മാമ്പഴ ഇനങ്ങളുടെ സുഗന്ധവും രുചിയും ദോഹയുടെ സായാഹ്നങ്ങളെ രുചിപെരുമയേറ്റിയ നാളുകൾക്കാണ് മധുരസ്മരണകളോടെ തിരശ്ശീല വീണത്.കേവലമൊരു ഫലവർഗ്ഗ പ്രദർശനത്തിനപ്പുറം, ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴമേറിയ സാംസ്കാരിക സൗഹൃദത്തിന്റെ വിളംബരമായി മാറി ഹംബ മാമ്പഴമേള.
ഭക്ഷണവും രുചിക്കൂട്ടുകളും മനുഷ്യരെയും സംസ്കാരങ്ങളെയും തമ്മിൽ കോർത്തിണക്കുന്ന സുവർണ്ണ നൂലാണെന്ന് മേളയുടെ ഉത്ഘാടനവേളയിൽ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.
ഇന്ത്യൻ എംബസിയും അനുബന്ധ സംഘടന യായ ഐ ബി പി സി യും
സൂഖ് വാഖിഫും സംയുക്തമായി നടത്തിയ മാമ്പഴമേളയുടെ നഗരിയിലേക്ക്
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ലക്ഷക്കണക്കിന് രുചിപ്രിയരാണ് ഇക്കുറിയും ഒഴുകിയെത്തിയത്.
ലുലു, സഫാരി, മർസ, റിട്ടയിൽ മാർട്ട്, ഗ്രാൻഡ് മാൾ തുടങ്ങിയ
പ്രമുഖഹൈപ്പർ മാർക്കറ്റുകളും എം ആർ എ, സിഗ്നേച്ചർ ബൈ മർസ അടക്കുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളുടെ സാന്നിധ്യവുമുണ്ടായിരുന്ന പത്തു ദിവസം നീണ്ടുനിന്നമേളയിൽ ലക്ഷത്തിൽ പരം ആളുകളാണ് സന്ദർശകരായെത്തിയത്.മാമ്പഴങ്ങളുടെ നൈസർഗ്ഗിക ഭംഗിക്കൊപ്പം മാമ്പഴം കൊണ്ടുള്ള ജ്യൂസ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ,
അച്ചാറുകളുമുൾപ്പെടെ പുതുമയാർന്ന രുചിഭേദങ്ങളും സന്ദർശകർക്ക് നവ്യാനുഭവമായി.ജൂൺ 18 ന് ആരംഭിച്ച് 27 ന് സമാപിച്ച മാമ്പഴമേളയിൽ
വൈകിട്ട് 4 മുതൽ രാത്രി 10 വരെയായിരുന്നു പ്രവേശനം.
സൂര്യനസ്തമിക്കുമ്പോൾ പ്രകാശപൂരിതമാകുന്ന സൂഖ് വാഖിഫിന്റെ ചത്വരങ്ങളിൽ, സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ചാണ് ഈ മധുരമേള സമാപിച്ചത്.











